പു രാതന കാലത്ത് ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത് ഖാണ്ടവ വനത്തിലായിരുന്നു. അവിടെ എല്ലാവിധ വന്യജീവികളും വസിച്ചിരുന്നു. സിംഹങ്ങളുടെ ഗർജ്ജനം അവിടെയെങ്ങും മുഴങ്ങിയിരുന്നു. അതിനാൽതന്നെ ആ ദേശത്തിന് ചിങ്ങോലി(ചിങ്ങം=സിംഹം, ഒലി = ശബ്ദം) എന്നർത്ഥം വരുന്ന നാമം കൈവന്നു.
ശതകാലങ്ങൾക്കു മുൻപ് ഒരു സന്യാസി അവിടം സന്ദർശിച്ചു, അദ്ദേഹം ഇഷ്ടദേവതയായ ഭദ്രകാളിയെ പ്രാർത്ഥിക്കുവാൻ തുടങ്ങി , അങ്ങനെ ഒടുവിൽ ദേവി പ്രത്യക്ഷപ്പെടുകയും സന്യാസിയെ അനുഗ്രഹിക്കുകയും ചെയ്തു. ആ സന്യാസിയുടെ ചിട്ടയായ അനുഷ്ഠാനങ്ങളും പൂജകളും ക്രമേണ അദ്ദേഹത്തിനെ ദേവതുല്യനാക്കി.ദേവതയുടെയും സന്യാസിയുടെയും സാനിദ്ധ്യം പ്രകൃതിയിൽത്തന്നെ പ്രതിഭലിച്ചിരുന്നു. ഇവിടെ മനുഷ്യവാസം ഏറിയതോടെ ചില ബ്രാഹ്മണശ്രേഷ്ഠർ അവിടെയുള്ള ദേവചൈതന്യം തിരിച്ചറിഞ്ഞു. ഈശ്വരസാനിദ്ധ്യം വിളിച്ചറിയിക്കുന്ന പല അനുഭവങ്ങളും പിന്നീടുണ്ടാവുകയും ഇതിൻറെ അടിസ്ഥാനത്തിൽ താന്ത്രികവിധിപ്രകാരം ഇവിടെ ക്ഷേത്രം നിർമ്മിക്കുകയും ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ശ്രീ കാവിൽപടിക്കൽ ദേവിക്ഷേത്രം.
1995 ജനുവരി മാസം 26 ന് ക്ഷേത്രത്തിൽ അഷ്ടമംഗല്യപ്രശ്നം നടത്തിയപ്പോൾ 652 വർഷം പഴക്കമുള്ള ഈ ക്ഷേത്രം 2 തവണ പൂർണ്ണമായി തകർന്നിരുന്നെന്നും ഒരു മൂന്നാം തകർച്ച നേരിടാൻ സാദ്ധ്യതയുണ്ടെന്നും തെളിഞ്ഞു. തകർച്ചയുടെ കാരണം പരമ്പരാഗതമായി ആചരിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾ ഫലപ്രദമായി ചെയ്തുവരാത്തതും, സർപ്പദോഷവും , സന്യാസിയോടുള്ള അനാദരവുമാണെന്നും മനസ്സിലാക്കുകയും പരിഹാരമായി പാമ്പുമേക്കാട്ട് മന തന്ത്രിയുടെ നേതൃത്വത്തിൽ സർപ്പദൈവങ്ങളെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
ദേവിയുടേയും സർപ്പദൈവങ്ങളുടേയും അനുഗ്രഹത്താൽ ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. ക്ഷേത്രത്തിൽ ഗണപതി , സുബ്രമണ്യൻ, യോഗീശ്വരൻ, ശിവൻ, യക്ഷിയമ്മ, ശാസ്താവ്, ശ്രീകൃഷ്ണസ്വാമി എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചു.
പുനർനിർമ്മാണ ശേഷം 1996 ജനുവരി 24 ന് പൂജാകർമ്മങ്ങൾ പുനരാരംഭിച്ചു. 1998 ഫെബ്രുവരി 1 ന് ധ്വജ പ്രതിഷ്ഠ നടത്തി,അങ്ങനെ ഈ ക്ഷേത്രം പ്രശസ്ഥ ക്ഷേത്രങ്ങളിലൊന്നായി സ്ഥാനം പിടിച്ചു.
“കാവിൽപ്പടിക്കൽ ദേവി”
ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രത്തിനു തിരുവിതാംകൂർ രാജവംശവുമായി അഭേദ്യമായ ബന്ധമുണ്ട്. അമ്മമാഹാറാണി സേതുപാർവതീ ഭായി തമ്പുരാട്ടി കാർത്തികപ്പള്ളി കൊട്ടാരത്തിൽ താമസമാക്കിയ കാലത്ത് പരദേവത സ്ഥാനത്ത് ആരാധിച്ചു വന്ന ക്ഷേത്രം കൂടിയാണിത്.
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലുക്കിൽ കാർത്തികപ്പള്ളി ജംഗ്ഷന് സമീപം ചിങ്ങോലി വില്ലേജിൽ സ്ഥിതിചെയ്യുന്ന മദ്ധ്യതിരുവിതാംകൂറിലെ അതിപ്രശസ്തമായ ഭദ്രകാളിക്ഷേത്രമാണ് ശ്രീ കാവിൽപടിക്കൽ ദേവി ക്ഷേത്രം.
അവതാര മൂർത്തിയായ ഭദ്രകാളിയുടെ രൗദ്രഭാവത്തിലുള്ള പ്രതിഷ്ഠയാണെങ്കിലും മുൻവശത്തുള്ള അതിവിസ്തൃതമായ കുളം, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരട്ടപ്പന എന്നിവയുടെ സാന്നിദ്ധ്യത്താൽ ദേവി ശാന്തസ്വരൂപിണിയായി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഇവിടെ കുടികൊള്ളുന്നു. മദ്ധ്യതിരുവിതാംകൂറിലെ ചിങ്ങോലി തെക്ക് വടക്ക് എന്നീ 2 കരകളിലെ 120 അംഗങ്ങൾ ചേർന്ന അസ്സംബ്ലിയാണ് ക്ഷേത്രഭരണത്തിൻറെ പരമാധികാര സഭ.
ഇരു കരകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങൾ അടങ്ങുന്ന ഭരണസമിതിയാണ് ദൈനംദിന കാര്യങ്ങളിൽ ഭരണനിർവ്വഹണം നടത്തുന്നത്. ഭരണസമിതിയുടെ കാലാവധി 3 കൊല്ലമാണ്. പ്രസിഡന്റ് ഒരു കരയിൽനിന്നും സെക്രട്ടറി മാനേജർ എന്നിവർ മറുകരയിൽനിന്നും മാറി മാറി തിരഞ്ഞെടുക്കപ്പെടുന്നു. ജനാധിപത്യരീതിയിലുള്ള രീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ ചിങ്ങോലിയിലെ ജനങ്ങൾക്ക് സ്വീകാര്യമായ പ്രധിനിധികളെ അധികാരത്തിൽ കൊണ്ടുവരുന്നു.
ദേവസ്വം കെട്ടിടത്തോട് ചേർന്ന് വിശാലമായ സൗകര്യങ്ങളോട് കൂടിയ സദ്യാലയവും ഷോപ്പിംഗ് കോംപ്ലെക്സും ഉണ്ട്. വിവാഹങ്ങൾ സമ്മേളനങ്ങൾ എന്നിവയ്ക്കായി 300 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയവും വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്.
ക്ഷേത്രത്തിലെ എല്ലാ പരിപാടികളും ആചാരങ്ങളും നടത്തിവരുന്നത് ബ്രഹ്മശ്രീ പുതുമന ശ്രീധരൻ നമ്പൂതിരിയുടെയും വടക്കേമൂടമ്പാടി വാസുദേവ ഭട്ടതിരിപാടിന്റെയും നിർദേശങ്ങൾ അനുസരിച്ചാണ്.